ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തെറ്റുകള്‍ ആവര്‍ത്തിച്ച് ഓണ്‍ഫീല്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സണ്‍. ഒന്നും രണ്ടുമല്ല പതിനഞ്ച് തവണയാണ് അമ്പയര്‍മാരില്‍ നിന്ന് തെറ്റായ തീരുമാനങ്ങള്‍ വന്നത്. അതില്‍ പത്ത് തവണയും ജോയല്‍ വില്‍സണില്‍ നിന്നായിരുന്നു. ജോ റൂട്ടില്‍ നിന്നായിരുന്നു തുടക്കം. ആദ്യ ഇന്നിങ്സിലെ 13ാം ഓവറില്‍ ജയിംസ് പാറ്റിന്‍സന്റെ പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഒന്നും നോക്കാതെ ജോയല്‍ ഔട്ട് വിളിച്ചു. റൂട്ട് റിവ്യ ചെയ്തു. റൂട്ടിന്റെ റിവ്യ ഫലം കണ്ടു. പന്ത് ലെഗ് സൈഡിലോട്ടായിരുന്നു നീങ്ങിയിരുന്നത്.
17ാം ഓവറില്‍ വീണ്ടും റൂട്ട് വിക്കറ്റിന് മുന്നില്‍ പെട്ടു. പീറ്റര്‍ സിഡിലായിരുന്നു ബൗളര്‍. ജോയല്‍ വീണ്ടും വിരലുയര്‍ത്തി. ഇത്തവണയും റൂട്ട് റിവ്യു ചെയ്തതിനാല്‍ ഫലം പോസിറ്റീവ് ആയി. വലിയൊരു ഇന്‍സൈഡ് എഡ്ജ് റിപ്ലേകളില്‍ വ്യക്തമായതോടെ ഇതൊന്നും അമ്പയര്‍ കാണുന്നില്ലെ എന്ന ചോദ്യവും പിന്നാലെ ഉയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളുകളാണ് ജോയല്‍ നേരിട്ടത്.
അമ്പയറുടെ വിക്കിപീഡിയ പേജ് വരെ തിരുത്തി. അന്ധനായ അമ്പയര്‍ എന്നാണ് വിക്കിപീഡിയ പേജില്‍ എഴുതിച്ചേര്‍ത്തത്. മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശവുമായി രംഗത്ത് എത്തി. അതേസമയം ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ വിജയിച്ചു.251 റണ്‍സിനായിരുന്നു ആസ്ട്രേലിയയുടെ വിജയം. ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയിട്ടും ആസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ കാഴ്ചവെച്ച പ്രകടനമാണ് പരമ്പരയിലെ ആദ്യ ജയം നേടിക്കൊടുത്തത്.