India Kerala

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്; മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലമാകുന്നു. പ്രതിയുടെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. തിരുവനന്തപുരം കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. കെമിക്കല്‍ എക്സാമിനര്‍ നാളെ റിപ്പോര്‍ട്ട് കൈമാറും.

അപകടം നടന്ന് 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിള്‍ പൊലീസ് തിരുവനന്തപുരത്ത് കെമിക്കല്‍ ലാബിലെത്തിച്ചത്. സമയം വൈകിയതിനാല്‍ ഫലം പോസിറ്റീവ് ആയിരിക്കില്ലെന്ന് എക്സാമിനര്‍ പൊലീസിനെ അറിയിച്ചിരുന്നു. പരിശോധനയില്‍ മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് കണ്ടെത്താനായില്ല. ഇതോടെ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇല്ലാതായത്. 304 പ്രകാരം നരഹത്യയെന്ന വകുപ്പും ഇനി കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. പൊലീസ് വരുത്തിയ ഗുരുതര വീഴ്ചയും അലംഭാവവുമാണ് പ്രതിക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത്. ശ്രീറാമിന്റെ ജാമ്യ അപേക്ഷയെയും കെമിക്കല്‍ റിപ്പോര്‍ട്ട് ബാധിക്കും. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കൊണ്ടായിരിക്കും ജാമ്യ അപേക്ഷയിലെ വാദം പ്രതിഭാഗം മുന്നോട്ട് കൊണ്ടുപോകുക. ചുരുക്കത്തില്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ ആദ്യ ശ്രമങ്ങള്‍ വിജയിച്ചുവെന്ന് തന്നെ പറയേണ്ടി വരും.

അതെ സമയം ശ്രീറാം വെങ്കിട്ടരാമനെ സബ് ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പൂജപ്പുര സബ് ജയിലിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നത്. മജിസ്ട്രറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് സബ്ജയിയിലിലേക്ക് മാറ്റുന്നത്. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്.