ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കടുവയെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഫിലിബിത് ടൈഗർ റിസർവിന് സമീപം അഞ്ചുവയസ്സുള്ള പെൺകടുവയെയാണ് ഗ്രാമീണർ വടികളും കല്ലുകളും മറ്റമുപയോഗിച്ച് തല്ലിക്കൊന്നത്.
വാരിയെല്ല് തകരുകയും ശരീരത്തിൽ മാരകമായി പരിക്കേൽക്കുകയും ചെയ്ത് മരണത്തിന് കീഴടങ്ങിയ കടുവയുടെ ശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. 31 ഗ്രാമീണർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു ഗ്രാമീണനെ ആക്രമിച്ചതിനാലാണ് കടുവയെ കൊന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്കൊപ്പമുള്ള ശബ്ദം പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഗ്രാമീണർ തടഞ്ഞു. കടുവയെ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്തോ എന്നറിയുന്നതിനായി മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
2012 മുതൽ പിലിബിത്തിൽ 16 കടുവകളും മൂന്ന് പുലികളും ചത്തിട്ടുണ്ട്. ഇവയിൽ മിക്കതും ഭക്ഷണത്തിലൂടെ വിഷമേറ്റോ കെണിയിൽ കുടുങ്ങിയോ കാനിൻ ഡിസ്റ്റെംപർ എന്ന അസുഖം ബാധിച്ചോ ആണ്. പ്രായപൂർത്തിയായ കടുവയെ ആൾക്കൂട്ടം കൊലപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് അധികൃതർ പറയുന്നു.