വിരമിക്കല്‍ വിവാദങ്ങള്‍ക്കിടെ മഹേന്ദ്രസിംങ് ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പിന്മാറി. രണ്ട് മാസത്തേക്ക് സൈനിക സേവനത്തിന് പോകുന്നതിനാല്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി തന്നെ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റില്‍ ഹോണററി ലെഫ്റ്റനന്റ് കേണലാണ് ധോണി.
നാളെ ബി.സി.സി.ഐയുടെ ടീം തെരഞ്ഞെടുപ്പ് യോഗം നടക്കാനിരിക്കെയാണ് ധോണി ഇക്കാര്യം മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ബി.സി.സി.ഐ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞ ബി.സി.സി.ഐ ഒഫീഷ്യല്‍ രണ്ട് മാസത്തേക്ക് അദ്ദേഹം സൈനിക സേവനത്തിനായി മാറി നില്ക്കുന്നുവെന്നേയുള്ളൂവെന്നും വ്യക്തമാക്കി.
ഋഷഭ് പന്തായിരിക്കും ധോണിയുടെ പകരക്കാരനായി ടീമിലെത്തുകയെന്നാണ് സൂചന. ആഗസ്ത് മൂന്നിന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം.