യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി. കോളജിലെ തെളിവെടുപ്പിൽ കത്തി കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതി എസ്.എഫ്,.ഐ മുൻ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി മുൻ സെക്രട്ടറി നസീമിനെയും രാവിലെയാണ് കോളേജിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രധാന കവാടത്തിനു സമീപം പ്രതികളെ ഇറക്കിയ ശേഷം സംഘർഷം നടന്ന സ്ഥലത്തു തെളിവെടുപ്പ് നടത്തി.പാർക്കിങ് ഗ്രൗണ്ടിനോടു ചേർന്നുള്ള ചവർ കൂനയ്ക്ക് സമീപം കുഴിച്ചിട്ട നിലയിൽ അക്രമത്തിനുപയോഗിച്ച കത്തി കണ്ടെത്തി. ശിവരഞ്ജിത്താണ് കത്തിയെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ.അനിൽകുമാറിന് നൽകിയത്. അക്രമത്തിനുപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും ഇവിടെ നിന്ന് തന്നെ കണ്ടെടുത്തു.
നസീമിന്റെ കൈവശമുണ്ടായിരുന്ന കത്തി കോളേജിൽ നേരത്തെ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു. അക്രമം ആസൂത്രിമാണെന്ന പോലീസിന്റെ കണ്ടെത്തൽ ശരിവെയ്ക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതക ശ്രമം നടക്കുന്നതിന് ഒരാഴ്ച മുൻപ് കത്തി ഓൺലൈനിലൂടെ വാങ്ങിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണിത്. കുത്തിപ്പരിക്കേൽപ്പിക്കാൻ ലക്ഷ്യമിട്ട് ക്യാമ്പസിൽ എത്തിയെന്നാണ് ഇരുവരുടെയും വിശദീകരണം. എന്നാൽ കൊലപാതകം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വിലയിരുത്തലിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒളിവിലുള്ള ബാക്കി പത്ത് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.