പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ബാഴ്സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയിൽ നിന്നു വിട്ടുനിന്ന താരം ഇന്നലെ പാരിസിൽ മടങ്ങിയെത്തി പരിശീലനം നടത്തി. താൻ ക്ലബ്ബ് വിടുകയാണെന്ന് പി.എസ്.ജി സ്പോർട്ടിംഗ് ഡയറക്ടർ ലിയനർഡോയെ നെയ്മർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, തങ്ങളുടെ മുൻ 11-ാം നമ്പർ താരത്തെ തിരികെ കൊണ്ടുവരാൻ ബാഴ്സ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. എന്നാൽ, ഇതിനായി ബാഴ്സ ഇതുവരെ ഔദ്യോഗികമായി പി.എസ്.ജിയെ സമീപിച്ചിട്ടില്ല.
2017-ൽ റെക്കോർഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്ക് ബാഴ്സയിൽ നിന്ന് പാരീസിലേക്ക് കൂടുമാറിയ നെയ്മർ, തന്റെ മുൻ ക്ലബ്ബിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിൽ പി.എസ്.ജിയുടെ പ്രീസീസൺ ട്രെയിനിംഗിൽ പങ്കെടുത്തിരുന്നില്ല. പി.എസ്.ജി ശക്തമായ താക്കീത് നൽകിയതോടെയാണ് താരം ക്ലബ്ബിൽ റിപ്പോർട്ട് ചെയ്തത്. ടീമംഗങ്ങൾക്കൊപ്പം ചേരാതെ ഒറ്റക്ക് പരിശീലനം നടത്തിയ താരം ടീമിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ലിയനർഡോയുമായി കൂടിക്കാഴ്ച നടത്തി. മിനുട്ടുകൾ മാത്രം നീണ്ടുനിന്ന സംസാരത്തിൽ ക്ലബ്ബ് വിടാനുള്ള തീരുമാനം ബ്രസീൽ താരം അറിയിച്ചുവെന്നാണ് സൂചന.
അതേസമയം, തങ്ങളുദ്ദേശിക്കുന്ന വില ലഭിക്കാതെ നെയ്മറിനെ കൈമാറേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.ജി. ‘ശരിയായ’ തുകയുമായി ആര് വന്നാലും നെയ്മറിനെ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും കേവലം കുശലാന്വേഷണങ്ങളല്ലാതെ ബാഴ്സ കാര്യമായ ചർച്ചകൾക്ക് വന്നിട്ടില്ലെന്നും ലിയനർഡോ വ്യക്തമാക്കിയിരുന്നു. നെയ്മറിനു പകരം മൂന്ന് കളിക്കാരെ വിട്ടുനൽകാമെന്ന ബാഴ്സയുടെ ഓഫർ പി.എസ്.ജിക്ക് സ്വീകാര്യമല്ലെന്നാണ് സൂചന. പണം ഉൾപ്പെടുന്ന ഇടപാടിലേ താൽപര്യമുള്ളൂവെന്ന നിലപാടിലാണ് അവർ. എന്നാൽ ആന്റോയ്ൻ ഗ്രീസ്മൻ, ഫ്രെങ്കി ഡിയോങ് എന്നിവരുടെ ട്രാൻസ്ഫറിനു വേണ്ടി വൻതുക ചെലവഴിച്ച ബാഴ്സ, മുഴുവൻ തുകയും നൽകി നെയ്മറിനെ കൂടി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല.
നെയ്മറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബാഴ്സലോണ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യൂ പി.എസ്.ജി പ്രസിഡണ്ട് നാസർ അൽ ഖലൈഫിയുമായി കൂടിക്കാഴ്ച നടത്തും. ബാഴ്സയുടെ പുതിയ സീസണിലെ പദ്ധതികളിൽ നെയ്മർ ഉണ്ടെന്നും താരത്തെ എത്തിക്കുന്ന കാര്യത്തിൽ ബർതമ്യൂ തന്നെ മുൻകൈയെടുക്കുമെന്നും കാറ്റലൻ റേഡിയോ റിപ്പോർട്ട് ചെയ്തു.