Cricket Sports

‘ഹലോ ബ്രദര്‍!’ കെയിന്‍, ജനമനസുകളില്‍ നിങ്ങളാണ് വിശ്വനായകന്‍

കപ്പിനും ചുണ്ടിനുമിടയില്‍ കണക്കിലെ കളികള്‍ വിജയിച്ചപ്പോള്‍ തോറ്റു പോയൊരു മനുഷ്യനുണ്ട്. വെള്ള താടിയും പൂച്ചകണ്ണുകളും തോല്‍വിയിലും ചിരിച്ചുകൊണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മാത്രം ഉറച്ച മനസുമുള്ള ഒരു ധീര നായകന്‍. തളര്‍ന്നു കിടന്ന ടീമിനെ സ്വന്തം തോളിലേറ്റി പറന്നുയര്‍ന്ന കീവി പക്ഷി, കെയിന്‍ വില്യംസണ്‍. ഹലോ ബ്രദര്‍, ജനമനസുകളില്‍ നിങ്ങളാണ് ഇപ്പോള്‍ വിശ്വനായകന്‍.

ലോകകപ്പിലുടനീളം കെയിന്‍ എന്ന നായകന്‍ വിസ്മയിപ്പിച്ചിട്ടേയുള്ളു. കരീബിയന്‍ പടയുടെ പന്തുകള്‍ കീവി കോട്ട തകര്‍ത്തെന്ന് ഉറപ്പിച്ചപ്പോഴും പോരാട്ടവീര്യം ചോരാത്ത ഒറ്റയാള്‍ പോരാളിയായി അയാള്‍ കറുത്ത കുപ്പായക്കാരെ കരകയറ്റി. അന്ന് അദ്ദേഹം നേടിയ 148 റണ്‍സിന് കീവികള്‍ നേടിയ വിജയത്തേക്കാള്‍ വിലയുണ്ടായിരുന്നു. സെമിയില്‍ ലോകത്തെ ഒന്നാമന്മാരായ ഇന്ത്യയെ തോല്‍പ്പിച്ചത് ആ മനുഷ്യന്‍ തീര്‍ത്ത പത്മവ്യൂഹമായിരുന്നു. കലാശ പോരാട്ടത്തിലെ അവസാന പന്ത് വരെ മത്സരത്തെ കൊണ്ടെത്തിച്ചിട്ടും നിര്‍ഭാഗ്യം പരാജയപ്പെടുത്തിയപ്പോള്‍ ‘ക്യാപ്റ്റന്‍ കൂള്‍’ ആയി തോല്‍വിയെ ചിരിച്ചുകൊണ്ട് കെയിന്‍ സ്വാഗതം ചെയ്തു. പരാജയം പോലും വിജയിച്ച ആ നിമിഷം.

അവസാന ഓവറിലെ മൂന്നാമത്തെ പന്ത് സ്റ്റോക്സ് സിക്സര്‍ പറത്തിയപ്പോള്‍ കൂടുതല്‍ ആവേശത്തില്‍ കൈയ്യടി നല്‍കി ടീമിനെ പ്രോത്സാഹിച്ചപ്പോഴും ഗപ്ടിലിന്‍റെ ത്രോ നാല് അധിക റണ്‍സ് ഇംഗ്ലണ്ടിന് നേടിക്കൊടുത്തപ്പോള്‍ ശാന്തനായി നിന്നപ്പോഴും അവിടെ മറ്റൊരു മഹിയെ ലോകം കണ്ടു. സൂപ്പര്‍ ഓവറിലെ ജീവിതത്തിനും മരണത്തിനും മധ്യെയുള്ള ആ നാല് മിനിറ്റുകളില്‍ ഗപ്ടിലിനെയും നീഷാമിനെയും ക്രീസിലേക്ക് പറഞ്ഞയച്ച ആ ധീരതക്ക് മുന്നില്‍ ലോക കിരീടം ചെറുതായാലേയുള്ളൂ.

പുറത്താവുമെന്ന് തോന്നിച്ച നിമിഷങ്ങളില്‍ പന്തിനെ പ്രഹരിച്ചും ബഹുമാനിച്ചും ടീമിനെ നയിച്ച് ലോകകപ്പിലെ താരമെന്ന പദവി ക്രിക്കറ്റ് ദൈവത്തിന്‍റെ കയ്യില്‍ നിന്നും കെയിന്‍ ഏറ്റുവാങ്ങി. ടൂര്‍ണമെന്‍റിലെ താരമായി അദ്ദേഹം മിന്നിയെങ്കിലും ഒരു കയ്യകലം ദൂരത്തില്‍ ലോകകപ്പ് മാറി നിന്നപ്പോള്‍ ഓര്‍ത്തു പോകുന്ന മറ്റ് പല ഇതിഹാസങ്ങളുടെ മുഖങ്ങളുണ്ട്.

2003 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ടൂര്‍ണമെന്‍റിലെ താരമായെങ്കിലും ആസ്ട്രേലിയ തകര്‍ത്ത ഇന്ത്യന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റിയ സാക്ഷാല്‍ ക്രിക്കറ്റ് ദൈവം. സച്ചിന്‍ തെണ്ടുല്‍ക്കര്‍.

മാരക്കാന മൈതാനിയിലെ അരേനയില്‍ നിന്നുമുള്ള മറ്റൊരു ദൃശ്യം. 2014ലെ ഫുട്ബോള്‍ ലോകകപ്പില്‍ തന്‍റെ ഇടം കാലിലെ മായാജാലം കൊണ്ട് ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും നിര്‍ഭാഗ്യം തട്ടിതെറിപ്പിച്ച ലോകകപ്പിന് മുന്നില്‍ കാത്തിരിപ്പുകളുടെ കണ്ണീരൊഴുക്കിയ അര്‍ജന്‍റീന്‍ നായകന്‍. ലയണല്‍ മെസി.

2018 ഫുട്ബോള്‍ ലോകകപ്പില്‍ ലോകം കണ്ട ഏറ്റവും വലിയ ഫീനിക്സ് പക്ഷികളായി വിശ്വകിരീടത്തിനടുത്ത് വരെ പറന്നുയര്‍ന്ന ക്രൊയേഷ്യ എന്ന ചെറു ടീമിന്‍റെ വീര സാരഥി, ലൂക്കാ മോഡ്രിച്ച്.

അതെ, ടൂര്‍ണ്ണമെന്‍റിലെ താരങ്ങളായി മിന്നിയപ്പോഴും ഭാഗ്യം പരാജയപ്പെടുത്തിയ ഈ ഇതിഹാസങ്ങളുടെ വികാരങ്ങള്‍ കെയിന്‍ വില്യംസണിലും സ്വാധീനം ചെലുത്തിയിരിക്കണം.

എനിക്കറിയാം, കളിക്കളത്തില്‍ ഞങ്ങള്‍ പുറത്തെടുത്ത വീറും വാശിയും നിറഞ്ഞ പോരാത്തിനൊടുവിലാണ് ഈ ടൂര്‍ണ്ണമെന്‍റ് അവസാനിക്കുന്നതെങ്കിലും അവസാന മത്സരം ആര് വിജയിച്ചു എന്നത് തന്നെയാണെന്ന് പ്രധാനപ്പെട്ടത്. ഇരു ടീമുകളും അതിനായി അത്രമേല്‍ പ്രയത്നിക്കുകയും ചെയ്തു. എങ്ങിനെ അവര്‍ വിജയിച്ചു എന്നറിയുന്നില്ല, (ചിരിച്ചുകൊണ്ട്) ബൌണ്ടറികളുടെയെന്തോ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു, അല്ലേ… വിജയം ഞങ്ങള്‍ക്കൊപ്പമല്ല എന്നതില്‍ ദുഖമുണ്ടെങ്കിലും ടൂര്‍ണ്ണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് അര്‍ഹിക്കുന്ന വിജയമാണ് നേടിയത്.’ തോല്‍വിക്ക് ശേഷവും അയാള്‍ പറഞ്ഞ ഈ വാക്കുകളും ആ ശൈലിയും മാത്രം മതി, ഈ ലോകകപ്പിലെ താരം നിങ്ങളാണെന്ന് വീണ്ടും അടിവരയിടാന്‍. ഇനി 2023ലേക്കുള്ള കാത്തിരിപ്പിലേക്ക്. ‘ഹലോ ബ്രദര്‍’ കെയിന്‍‍, നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ മണ്ണിലേക്ക്…