യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു.
ശിവരഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ കന്റോൻമെന്റ് പൊലീസാണ് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത്. ഫ്രണ്ട് ഷീറ്റ് അടക്കം 16 സെറ്റ് ബുക്ക് ലെറ്റുകളാണ് ലഭിച്ചത്. ഇവയിൽ ഉത്തരമെഴുതിയും എഴുതാത്തവയുമുണ്ട്. ചട്ടപ്രകാരം പരീക്ഷാ സമയത്ത് ഹാളിൽ വിതരണം ചെയ്യേണ്ടവയാണിവ. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽ നിന്ന് കണ്ടെടുത്തു.
പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉയർന്ന മാർക്ക് നേടിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു.