ഹോങ്കോങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു. ചൈനയ്ക്കു കുറ്റവാളികളെ കൈമാറാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെതിരെയാണ് ഹോങ്കോങില്‍ സമരം തുടരുന്നത്. പതിനായിരക്കണക്കിന് സമരക്കാരാണ് ഹോങ്കോങിലെ വിവിധ പൊലീസ് ആസ്ഥാനങ്ങള്‍ വളഞ്ഞത്. പൊലീസ് ഓഫീസുകളിലേക്കുള്ള വഴികളടച്ച പ്രക്ഷോഭകര്‍ വിവാദ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
കുറ്റവാളികളെ കൈമാറാൻ ഹോങ്കോങുമായി ഉടമ്പടിയിലേർപ്പെടാത്തവരാണ് ചൈന, മക്കാവു, തായ്വാൻ എന്നീ രാജ്യങ്ങള്‍. ഇതില്‍ ചൈനയിലെ കോടതിസംവിധാനത്തിനുള്ളിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ബിൽ യാഥാര്‍ഥ്യമായാല്‍ ഹോങ്കോങില്‍ ചൈനയ്ക്ക് കൂടുതൽ ആധിപത്യം വരുമെന്നുമാണ് ഹോങ്കോങിലെ ജനങ്ങള്‍ ആശങ്കപ്പെടുന്നത്. ഇതിനാലാണ് രണ്ടാഴ്ച നീണ്ട സമരം തുടരുന്നത്.
ഹോങ്കോങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. സമരം ശക്തമായതിനെ തുടര്‍ന്ന് ബില്‍ അവതരിപ്പിക്കുന്നത് തല്ക്കാലം മാറ്റി വയ്ക്കുന്നതായി ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീല് കാരി ലാം പ്രഖ്യാപിച്ചിരുന്നു. ബിൽ പൂര്‍ണമായി റദ്ദാക്കണമെന്നും കാരി ലാം രാജി വെക്കണമെന്നുമാണ് തെരുവിൽ തുടരുന്ന പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ഞായറാഴ്ച നടന്ന വലിയ പ്രതിഷേധ റാലിയില്‍ 20 ലക്ഷത്തിലേറെ പേര് അണിചേര്‍ന്നുവെന്നാണ് കണക്ക്. ചൈന ശക്തമായ പിന്തുണയാണ് കാരി ലാമിന് നല്‍കുന്നത്.