ഉത്തര്‍പ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സഖ്യത്തിനകത്തെ ചര്‍ച്ചകളും സജീവമാകുന്നു. മുന്‍ എസ്.പി നേതാവ് ശിവപാല്‍ യാദവാണ് കോണ്‍ഗ്രസിനൊപ്പം നില്ക്കാന് തയ്യാറായിരിക്കുന്നവരില്‍ മുഖ്യന്. എന്‍.ഡി.എ സഖ്യം വിടാനൊരുങ്ങി നില്‍ക്കുകയാണ് അപ്നാ ദള്‍.
80 സീറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് സമാന മനസ്കര്‍ക്കൊപ്പം സഖ്യത്തിലേര്‍പ്പെടുമെന്ന് വ്യക്തമാക്കിയതാണ്. ബി.ജെ.പി ഇതര സഖ്യത്തിന് തയ്യാറെന്ന് എസ്.പി വിട്ട ശിവപാല്‍ യാദവിന്റെ പ്രഗതീശീല്‍ സമാജ് വാദി പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ട്. യാദവര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. നിലവില്‍ ശിവപാല്‍ കോണ്‍ഗ്രസിനോട് താല്പര്യം പ്രകടിപ്പിക്കുന്നത് എസ്.പി- ബി.എസ്.പി സഖ്യത്തോടടുക്കാനാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മറ്റ് പ്രാദേശിക പാര്‍ട്ടികളും ഉടനല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസിനൊപ്പം എത്തിയേക്കാം. ടി.ഡി.പി, എന്‍.സി.പി, ആര്.എല്‍.എസ്.പി എന്നിവക്ക് പിന്നാലെ എന്‍.ഡി.എ വിട്ട് പുറത്തേക്കിറങ്ങുന്ന സ്ഥിതിയിലാണ് സഖ്യകക്ഷി അപ്നദള്‍. പ്രാദേശിക പാര്‍ട്ടികളെ പരിഗണിക്കുന്നില്ലെന്നാണ് ആരോപണം. യു.പിയില്‍ 9 എം.എല്‍.എമാരും രണ്ട് എം.പിമാരുമുണ്ട് അപ്നാ ദളിന്.
ഉത്തര്‍പ്രദേശില്‍ മത്സരം കടുക്കുമ്പോള്‍ അപ്നാദളിന്റെ നിലപാടും നിര്‍ണായകമാവുകയാണ്. എസ്.പി – ബി.എസ്.പി സഖ്യത്തിലെ സീറ്റ് ധാരണയില്‍ അതൃപ്തിയിലാണ് ആര്.എല്‍.ഡി. എന്നാല്‍ ഈ സഖ്യങ്ങള്‍ക്കൊന്നും ബി.ജെ.പിയെ തോല്പിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. അടുത്ത തവണയും അധികാരത്തില്‍ തുടരാനാകുമെന്ന് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.