World

‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’; സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് പുടിന്റെ മറുപടി

സമാധാന സന്ദേശമയച്ച യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. ‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിൻ സെലൻസ്കിയ്ക്ക് മറുപടി നൽകിയത്. സെലൻസ്കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മുൻ ഉടമയുമായ റോമൻ അബ്രമോവിച്ചിനോടായിരുന്നു പുടിൻ്റെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിൻ മറുപടി നൽകിയത്.

അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കണ്ണുകൾ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങൾ വിഷബാധയുടേതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചർച്ചകൾക്കായി ശ്രമിച്ച രണ്ട് യുക്രൈൻ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് മൂന്നിന് കീവിൽ വച്ച് നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവേയാണ് അബ്രമോവിച്ചിനും സമാധാനത്തിനായി ശ്രമിച്ച മറ്റ് രണ്ട് നയതന്ത്രജ്ഞർക്കും വിഷബാധയേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ മൂവരേയും കൊലപ്പെടുത്താനല്ല താക്കീത് നൽകാൻ മാത്രമാണ് വിഷപ്രയോഗത്തിലൂടെ ഇതിന്റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്ന് ഇൻവെസ്റ്റിഗേറ്റർ ക്രിസ്‌റ്റോ ഗ്രോസേവ് അഭിപ്രായപ്പെട്ടു. 2020ൽ പുടിന്റെ മുഖ്യവിമർശകനായ അലക്‌സി നവൽനിക്ക് നേരെ നടന്നത് മോസ്‌കോയുടെ വിഷപ്രയോഗമാണെന്ന് കണ്ടെത്തിയ സ്വതന്ത്ര ഇൻവെസ്റ്റിഗേറ്ററാണ് ക്രിസ്‌റ്റോ ഗ്രോസേവ്.