ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളുടെ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. പരിസ്ഥിതി പ്രവർത്തകയായ മെലഡി സാസർ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പായ മാച്ച് ഡോട്ട് കോമിലൂടെ പരിചയപ്പെട്ട യുവാവിൻ്റെ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി എന്നാണ് കേസ്.
അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഡേവിഡ് വാലസ് എന്നയാളുടെ ഭാര്യ ജെന്നിഫറിനെ കൊലപ്പെടുത്താനാണ് 47കാരിയായ മെലഡി സാസർ കൊട്ടേഷൻ നൽകിയത്. ജെന്നിഫറിനെ മെലഡി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ‘ഓൺലൈൻ കില്ലേഴ്സ് മാർക്കറ്റ്’ എന്ന സൈറ്റിലൂടെയാണ് മെലഡി ജെന്നിഫറിനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്.
2020ലണ് ഡേവിഡും മെലഡിയും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്. ഇരുവരും അടുക്കുകയും ഒരുമിച്ച് ഹൈക്കിംഗിന് പോവുകയും ചെയ്തു. 2022ൽ ഇവരുടെ ബന്ധം അവസാനിച്ചു. അന്ന് പ്രതിശ്രുത വധുവായിരുന്ന ജെന്നിഫർ. ഈ സമയത്ത് മെലഡി ദമ്പതിമാരെ തിരഞ്ഞ് കണ്ടുപിടിച്ചെങ്കിലും തങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്ന് ഡേവിഡ് അറിയിച്ചു. അക്കൊല്ലം ഡിസംബറിൽ മെലഡി കൊട്ടേഷൻ സൈറ്റുമായി ബന്ധപ്പെട്ടു. ഈ മാസം 18നാണ് മെലഡിയെ പൊലീസ് പിടികൂടിയത്.