World

നൂറ് ദിവസം കൊണ്ട് ഓടിയെത്തിയത് 2620മൈലുകൾ; ലോക റെക്കോർഡിൽ മുത്തമിട്ട് 35കാരി

തുടർച്ചയായി 100 ദിവസം ഏറ്റവുമധികം മാരത്തണുകൾ പൂർത്തിയാക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇം​​ഗ്ലണ്ടിലെ ഡെർബിഷിയറിൽ നിന്നുള്ള ​കെയ്റ്റ് ജേഡൻ എന്ന വനിത. ഒന്നും രണ്ടുമല്ല 100 ദിവസങ്ങളാണ് കെയ്റ്റ് തുടർച്ചയായി തളരാതെ ഓടിയത്. ജനുവരി മാസത്തിൽ അരംഭിച്ച ഓട്ടം ഏപ്രിൽ 17നായിരുന്നു പൂർത്തിയായത്. മാരത്തണിന്റെ ദൃശ്യങ്ങൾ കെയ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

കെയ്റ്റ് ദിവസവും 26.2 മൈലുകളാണ് ഓടിതീർത്തിരുന്നത്. അങ്ങനെ നൂറ് ദിവസം കൊണ്ട് 2620 മൈലുകൾ ആണ് കെയ്റ്റ് പിന്നിട്ടത്.
ഇതിന് മുൻപ് അമേരിക്കൻ സ്വദേശിയായ അലിസ ക്ലാർക്കിയായിരുന്നു ഈ റെക്കോർഡിന് ഉടമ. എന്നാൽ ഈ മാരത്തണിലൂടെ കെയ്റ്റ് ഈ റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു. അന്ന് അലി, ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത് 95 ദിവസങ്ങൾ കൊണ്ട് 95 മാരത്തണുകൾ പൂർത്തിയാക്കിയിരുന്നു.

ഈ മാരത്തൺ കെയ്റ്റ് ഓടി തീർക്കുമ്പോഴും കെയ്റ്റിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു. 2620 മൈലുകൾ എന്നത് സിറിയയിലെ അലെപ്പോയിൽ നിന്നും യുകെയിൽ എത്താൻ അഭയാർത്ഥികൾക്ക് പിന്നിടേണ്ടി വരുന്ന ദൂരം കൂടിയാണ് ,അഭയാർത്ഥികളുടെ പ്രശ്നങ്ങളെ കുറിച്ച് പൊതു സമൂഹത്തിന് അവബോധം നൽകാനും അതിനായി ധനസമാഹരണം നടത്താനുമായിരുന്നു കെയ്റ്റിന്റെ ശ്രമം. ഇതിന്റെ ഫലമായി നൂറ് ദിവസം നീണ്ട് നിന്ന ശ്രമങ്ങൾ‍ക്കൊടുവിൽ 25000 പൗണ്ട് (24 ലക്ഷം) അഭയാർത്ഥികൾക്കായി സമാഹരിക്കാനും കെയ്റ്റിനെ കൊണ്ട് സാധിച്ചു.

ഒരാഴ്ച്ച ഇനി വിശ്രമിച്ചതിന് ശേഷം ജൂലൈയിൽ ആരംഭിക്കുന്ന ഡെക്കാ ട്രയത്തലണിലുള്ള പരിശീലനത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് ഇപ്പോൾ കെയ്റ്റ്. 38 കിലോമീറ്റർ നീന്തിയും 1802 കിലോമീറ്റർ ബൈക്കോടിച്ചും 421കിലോമീറ്റർ ഓടിയുമാണ് ട്രയാത്തലൺ lപൂർത്തിയാക്കേണ്ടത്. കായികയിനങ്ങളിലേയ്ക്ക് ഇറങ്ങാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകാനാണ് തന്റെ ശ്രമമെന്ന് കെയ്റ്റ് പറയുന്നു.