ശീതയുദ്ധത്തിന് അന്ത്യം കുറിച്ചവൻ…സോവിയറ്റ് യൂണിയനിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവന്ന വ്യക്തി…സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്… മിഖായേൽ ഗോബച്ചേവ്…
കമ്യൂണിസത്തിന്റെ കാർക്കശ്യ ചട്ടക്കൂടിൽ നിന്ന് വഴിമാറാനുള്ള ശ്രമത്തിൽ രാജ്യം തന്നെ പല കഷണങ്ങളായി മാറുന്നതാണ് ഗോർബച്ചേവിന്റെ കാലത്തു കണ്ടത്. ലഭിച്ച നൊബേൽ പോലും കമ്യൂണിസത്തെ തകർത്തതിനുളള പാരിതോഷികമാണെന്ന വിമർശനും ഏറ്റുവാങ്ങേണ്ടി വന്നു.
പെരിസ്ട്രോയിക്ക അഥവാ പുന:സംഘടന എന്നതാണ് വളരുന്ന സമൂത്തിന്റെ ഏറ്റവും വലിയ അടയാളം. ഗ്ളാസ്നോസ്റ്റ് അഥവാ തുറന്ന മനസ്സാണ് ജനാധിപത്യത്തിന്റെ ലക്ഷണവും. ഇതുരണ്ടും നടപ്പാക്കിയതിനു പിന്നാലെ തകർന്നുപോയ രാജ്യത്തിന്റെ പേരിൽ വിമർശിക്കപ്പെട്ട മനുഷ്യനാണ് മിഖായേൽ ഗോർബച്ചേവ്.
സ്റ്റാലിന്റെ കാലത്തു ദരിദ്ര കർഷക കുടുംബത്തിൽ ജനനം. പിന്നാലെ സ്റ്റാലിനിസത്തെ തിരുത്തിയ നികിത ക്രൂഷ്ചേവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി. 1978ൽ കേന്ദ്രകമ്മിറ്റി, 79ൽ പൊളിറ്റ് ബ്യൂറോ. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും ഭരണാധികാരിയും. അഫ്ഗാൻ യുദ്ധത്തിൽ നിന്നുള്ള പിന്മാറ്റം ആ ഭരണാധികാരിയുടെ ആദ്യ സമാധാന പ്രഖ്യാപനം. പിന്നാലെ ആണവായുധ നിർവ്യാപനത്തിനായി റോണൾഡ് റീഗനുമായി നടത്തിയ നിരവധി ചർച്ചകൾ. ശീതയുദ്ധം അവസാനിച്ചപ്പോഴേക്കും രാജ്യംതന്നെ ശിഥിലമായതുകണ്ട് തണുത്തുറഞ്ഞു നിൽക്കുകയായിരുന്നു ലോകമെങ്ങുമുള്ള കമ്യൂണിസ്്റ്റുകാർ.
മാർക്സിസം ലെനിനിസത്തിൽ നിന്ന് സോഷ്യൽ ഡെമോക്രസിയിലേക്കു ഗോർബച്ചേവ് മാറിയപ്പോൾ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിൽ നിന്നു റഷ്യ രക്ഷപെട്ടു എന്നായിരുന്നു പാശ്ചാത്യലോകത്തിന്റെ പുകഴ്ത്തൽ. ഇപ്പോൾ വ്ലാഡിമിർ പുടിന്റെ റഷ്യയെ മുസ്സോളിനിയുടെ ഇറ്റലിയുമായി അതേ പാശ്ചാത്യ ലോകം താരതമ്യം ചെയ്യുന്ന കാലത്താണ് ഗോർബച്ചേവിന്റെ വിടവാങ്ങൽ.