World

റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ

യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക സൈന്യം മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൈനിക ഭരണകൂടം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വരെ കർഫ്യൂ നിലവിലുണ്ടാകും. പ്രത്യേക അനുമതിയില്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മേഖലയിൽ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.

ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വക്താവ് പറഞ്ഞു. ആക്രമണങ്ങൾക്കിടയിലും റഷ്യൻ സൈന്യം കരിങ്കടലിൽ നിന്ന് കരമാർഗം പ്രദേശത്തേക്ക് എത്താൻ ശ്രമിക്കുന്നതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുക്രൈൻ അധികൃതർ പറയുന്നു.