World

ബ്ലൂ ടിക്കിന് പ്രതിമാസം സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ

യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ‌ (പ്രതിമാസം ഏകദേശം 1,647 ഇന്ത്യൻ രൂപ, പ്രതിവർഷം 19,764 രൂപ) ഈടാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ 90 ദിവസം അനുവദിക്കും.

എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ വെരിഫിക്കേഷൻ മാർക്ക് നഷ്ടമാകും. ഇക്കാര്യത്തിൽ അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും വെരിഫിക്കേഷൻ ട്വിറ്റർ ബ്ലൂവിന്റെ ഭാഗമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകിയാലാണ് ഇത്തരം ഫീച്ചറുകൾ ലഭിക്കുക.

കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റർ ബ്ലൂ പ്രവർത്തനം തുടങ്ങിയത്. ട്വിറ്ററിന്റെ ആദ്യ സബ്സ്ക്രിപ്ഷൻ സർവീസായിരുന്നു ട്വിറ്റർ ബ്ലൂ. ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ ബ്ലൂ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്കിന്റെ പ്രൊപ്പോസൽ ട്വിറ്റർ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്നവും പരിഹരിക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ നടപടിയായി കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്സിക്യൂട്ടീവുമാരെ ഇലോൺ മസ്ക് പുറത്താക്കിയിരുന്നു.