World

ഡല്‍ഹി തെരുവുകളില്‍ ഓട്ടോയില്‍ കറങ്ങി യുഎസ് വനിതാ നയതന്ത്രജ്ഞര്‍

സുരക്ഷാഭടന്മാരില്ലാതെ, ആഡംബരങ്ങളൊഴിവാക്കി ഓട്ടോറിക്ഷയില്‍ തലസ്ഥാന നഗരിയില്‍ ഇറങ്ങിയിരിക്കുകയാണ് നാല് യുഎസ് വനിതാ നയതന്ത്രജ്ഞര്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോ സുരക്ഷാ ഭടന്മാരോ ഇല്ലാതെയാണ് ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നത്.

ആന്‍ എല്‍ മേസണ്‍, റൂത്ത് ഹോംബെര്‍ഗ്, ഷെറീന്‍ ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്‌സ് എന്നിവരാണ് ഈ വനിതാ നയതന്ത്രജ്ഞര്‍. തങ്ങളുടെ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികള്‍ക്കും ഈ ഓട്ടോകള്‍ സ്വയം ഓടിച്ചുകൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക കാണിക്കാനും കൂടിയാണ് സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗം സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു.

വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് വളരെ ഇഷ്ടമാണെന്നും എപ്പോഴും തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകയുണ്ടാകുമെന്നും നയതന്ത്രജ്ഞ ആന്‍ എല്‍ മേസണ്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘കാറില്‍ സഞ്ചരിക്കുമ്പോഴെല്ലാം ഞാന്‍ തെരുവിലേക്ക് നോക്കും, ഓട്ടോറിക്ഷകള്‍ പോകുന്നത് കാണും. എനിക്കെപ്പോഴും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കാനായിരുന്നു ആഗ്രഹം. ഇന്ത്യയില്‍ വച്ചാണ് അതിനവസരമുണ്ടാകുന്നത്.അങ്ങനെ അത് വാങ്ങി’. ആന്‍ എല്‍ മേസണ്‍ പറഞ്ഞു.

അതേസമയം മെക്‌സിക്കന്‍ അംബാസിഡര്‍ ഓട്ടോയില്‍ സഞ്ചരിച്ച റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് തനിക്കിത് പ്രചോദനമായതെന്ന് ഷെറീന്‍ ജെ കിറ്റര്‍മാന്‍ പറഞ്ഞു. യുഎസിന്റെയും ഇന്ത്യയുടെയും പതാകകള്‍ ഇവര്‍ ഓട്ടോയില്‍ ഒട്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ മെക്‌സിക്കന്‍ അംബാസഡറായ മെല്‍ബ പ്രിയയാണ് തന്റെ ഔദ്യോഗിക വാഹനമായി വെള്ള നിറത്തിലുള്ള റിക്ഷ തെരഞ്ഞെടുത്ത് ഈ ട്രെന്‍ഡ് ആരംഭിച്ചത്.