അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കന്‍ മതിലിന് പണം കണ്ടെത്താന്‍ മറ്റ് വഴികളില്ലാതായതോടെയാണ് ട്രംപ് കടുത്ത നടപടി കൈക്കൊണ്ടത്. മെക്സിക്കന്‍ മതില്‍ പണിയുമെന്ന വാശിയിലാണ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷമില്ലാത്തതാണ് ഇക്കാര്യത്തില്‍ ട്രംപിന് തിരിച്ചടിയായത്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനപ്രതിനിധി സഭയുടെ അനുമതിയില്ലാതെ തന്നെ തന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാമെന്നതാണ് ട്രംപിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. തന്‍റെ ഈ തീരുമാനത്തെ മുന്‍ പ്രസിഡന്‍റുമാരുടെ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ന്യായീകരിക്കുന്നത്.
മെക്സിക്കന്‍ മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്. ട്രംപിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മെക്സിക്കന്‍ മതില്‍. എന്നാല്‍ മെക്സിക്കന്‍ മതില്‍ പ്രശ്നം വൈറ്റ് ഹൌസിനും ഡെമോക്രാറ്റുകള്‍ക്കുമിടയിലെ വലിയൊരു യുദ്ധമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മെക്സിക്കന്‍ മതിലിന് പണം അനുവദിക്കില്ലെങ്കില്‍ മറ്റ് ബില്ലുകളിലൊന്നും ഒപ്പിടില്ലെന്ന നിലപാട് ട്രംപും സ്വീകരിച്ചതോടെ അമേരിക്കയില്‍ ട്രഷറി സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ മാറി. സര്‍ക്കാര്‍ ജീവനക്കാരെയടക്കം ദുരിതത്തിലാഴ്ത്തിയ തീരുമാനം പിന്നീട് ട്രംപ് മയപ്പെടുത്തുകയായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ സൈനികാവശ്യങ്ങള്‍ക്കുള്ള ഫണ്ട് അടക്കം മെക്സിക്കന്‍ മതിലിനായി ചെലവഴിക്കാന്‍ അധികാരം ലഭിക്കും. എന്നാല്‍ ട്രംപിന്‍റെ പുതിയ നീക്കങ്ങളില്‍ വലിയ ആശങ്കയിലാണ് അമേരിക്കന്‍ ജനത. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ട്രംപിന്‍റെ പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിമര്‍ശനം.