World

ഉസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു

അല്‍ഖാഇദ നേതാവും ഉസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. അമേരിക്കയാണ് ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ഹംസ ബിൻ ലാദന്റെ മരണം അല്‍ഖാഇദയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. ഹംസ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ ആഗസ്റ്റ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ മാസം അവസാനം ഹംസയുടെ മരണം സ്ഥിരീകരിച്ചെങ്കിലും, ട്രംപും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഈ വാർത്ത പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.

ഉസാമ ബിൻ ലാദന്റെ 20 മക്കളിൽ 15ാമനായിരുന്നു 30 കാരനായ ഹംസ. ഹംസ ബിൻ ലാദനെ പിടികൂടുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്കൻ ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഉസാമ ബിൻ ലാദനെ 2011 ൽ സൈനിക നടപടിയിലൂടെയാണ് അമേരിക്ക വധിച്ചത്. അന്ന് ഹംസ ബിൻ ലാദനെ പിടികൂടാനായിരുന്നില്ല.