എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും.
കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നാല്പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണമായി തുടച്ച് നീക്കാനാവില്ലെന്നും മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്നുമാണ് ഡബ്ള്യൂ.എച്ച്.ഒയുടെ മുന്നറിയിപ്പ്. അത്യാഹിത വിഭാഗം വിദഗ്ധന്‍ മൈക്ക് റെയാന്‍ ഇന്നലെ നടത്തിയ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആശങ്ക ഉളവാക്കുന്ന പുതിയ പ്രസ്താവന നടത്തിയത്.
കോവിഡ് എപ്പോൾ അപ്രത്യക്ഷമാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയുമെന്ന് താന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ സമയം നിശ്ചയിക്കാനോ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാനോ കഴിയുകയില്ല രോഗം ഒരു നീണ്ട പ്രശ്നമായി മാറിയേക്കാമെന്നും മൈക്ക് റെയാന്‍ പറഞ്ഞു. ലോക്ക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് രോഗ വ്യാപനത്തെ ഒരു പരിധിവരെ തടയാന്‍ സാധിച്ചേക്കും എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പൂര്‍ണമായ പരിഹാരമാവുകയില്ലന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പകര്‍ച്ച വ്യാധിയായി മാറിയ കൊവിഡിനെ തടയാന്‍ എല്ലാവരുടെയും സംഭാവ ആവശ്യമാണെന്നും ഇത് മനുഷ്യ വംശത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞു. ലോകത്തെ 100 ലേറെ കേന്ദ്രങ്ങളിലായി പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണന്നും ആശാവഹമായി നേട്ടം കൈവരിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.