World

ലോകത്തിന്റെ സര്‍വനാശത്തിലേക്ക് 90 സെക്കന്റുകള്‍ മാത്രം ബാക്കിയെന്ന് മനുഷ്യത്വമളക്കുന്ന ഘടികാരം; എന്താണ് ഡൂംസ്‌ഡേ ക്ലോക്ക്?

മനുഷ്യരാശിയുടെ സ്വയം ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്‌ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍ ബാക്കിയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ച് വന്നിരുന്ന ക്ലോക്ക് കഴിഞ്ഞ ദിവസം നാശത്തിലേക്ക് മനുഷ്യര്‍ വീണ്ടും അടുത്തെന്നും ഇനി 90 സെക്കന്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സൂചിപ്പിച്ചു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വനാശത്തിലേക്ക് മനുഷ്യര്‍ കൂടുതല്‍ അടുത്തതെന്ന് സിമ്പോളിക് ക്ലോക്കായ ഡൂംസ്‌ഡേ സൂചിപ്പിക്കുന്നു. (The Doomsday Clock Is Now Closer Than Ever to Midnight)

എന്താണ് ഡൂംസ്‌ഡേ ക്ലോക്ക്?

മനുഷ്യത്വത്തില്‍ നിന്ന് സ്വയം ഉന്മൂലനത്തിലേക്ക് മാനവരാശി എത്രത്തോളം അടുക്കുന്നുവെന്ന് ചില മാനദണ്ഡങ്ങള്‍ വിലയിരുത്തി പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ക്ലോക്കാണ് ഡൂംസ്‌ഡേ. റഷ്യ-യുക്രൈന്‍ യുദ്ധം, ആണവഭീഷണി, മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം മുതലായ സമകാലിക വിഷയങ്ങള്‍ കണക്കിലെടുത്താണ് പാതിരയിലേക്ക് 90 സെക്കന്റുകള്‍ മാത്രമാക്കി ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് ക്ലോക്കിനെ പുതുക്കി ക്രമീകരിച്ചത്.

1945ലാണ് ആര്‍ബേര്‍ട്ട് ഐന്‍സ്റ്റീന്‍ ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് സ്ഥാപിക്കുന്നത്. ഇതിന് കീഴില്‍ 1947ലാണ് ഡൂംസ്‌ഡേ ക്ലോക്ക് നിലവില്‍ വരുന്നത്. ഇതിന് മുന്‍പ് 2020 ജനുവരിയിലാണ് സര്‍വനാശത്തിലേക്ക് ക്ലോക്കിന്റെ സൂചികള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അടുത്തേക്ക് വന്നത്. ഇരുട്ടിലേക്ക് 100 സെക്കന്റുകളാണ് അന്ന് അവശേഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ക്ലോക്കില്‍ ലോകാവസാനത്തിലേക്ക് വെറും 90 സെക്കന്റുകള്‍ മാത്രമേ അവശേഷിക്കുന്നൂള്ളൂവെന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.