World

കുവൈത്തിൽ വിദേശി അധ്യാപക നിയമനങ്ങള്‍ക്ക് ഇനി രാജ്യം തിരിച്ച് ക്വാട്ട നിശ്ചയിക്കും

കുവൈത്തിൽ വിദേശി അധ്യാപക നിയമനത്തിനു രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കാൻ നിർദേശം. ഇതുമായി ബന്ധപ്പെട്ടു പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട ബില്ലിനു വിദ്യാഭ്യാസസമിതി അംഗീകാരം നൽകി. പരിചയസമ്പത്തുള്ളവരെ മാത്രം നിയമിച്ചൽ മതിയെന്നും നിർദേശം.

അൽ തബ്തബാഇ എംപിയാണ് സ്‌കൂളുകളിൽ വിദേശി അധ്യാപകരെ നിയമിക്കുന്നതിന് കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും നിലവിലുള്ളവ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു കരട് നിർദേശം അവതരിപ്പിച്ചത്. അധ്യാപരെ നിയമിക്കുമ്പോള്‍ രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കണമെന്നും വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണെമെന്നും എംപി നിർദേശിച്ചു.

ഇത് വഴി അധ്യായനത്തിൽ വൈവിധ്യം സാധ്യമാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ അധ്യാപകര്‍ക്ക് ബിരുദാനന്ത ബിരുദവും ചുരുങ്ങിയത് പത്തുവര്‍ഷത്തെ പരിചയവും നിർബന്ധമാക്കണമെന്നും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. അധ്യാപകരുടെ യോഗ്യതാസർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്നു ഉറപ്പു വരുത്തണമെന്നും എം.പി കൂട്ടിച്ചേർത്തു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ അധ്യാപകരുടെ കുത്തൊഴുക്കാണെന്നും സ്വദേശി അധ്യാപകരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. പാര്‍ലമെന്‍റ് വിദ്യാഭ്യാസ സമിതിയുടെ അംഗീകാരം ലഭിച്ച നിർദേശം നിയമകാര്യ സമിതിയുടെ പരിഗണക്കു വിട്ടു.