World

എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ…

എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. എന്താണ് സംഭവം എന്നല്ലേ? രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത്.

1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.

ഇതിൽ സംശയമുള്ളവർക്ക് തെളിവിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ സർട്ടിഫിക്കറ്റ് ഒതന്റിസിറ്റിയുടെ പക്കൽനിന്നും ബാഗിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നും അമേരിക്കൻ സ്വദേശിയായ വില്പനക്കാരൻ പറയുന്നു. പക്ഷെ ഇതിനു പിറകെ തന്നെ പരസ്യം കഴിഞ്ഞദിവസം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടേതെന്ന് പറയപ്പെടുന്ന നിരവധി വസ്തുക്കളാണ് ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ വില്പനയ്‌ക്കെത്തുന്നത്. 5000 രൂപ മുതൽ അരക്കോടിക്കടുത്ത് വിലയുള്ളവ വരെ ഇതിൽ ഉൾപെടുന്നുണ്ട്.