World

പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു

അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്ന അതിക്രമത്തെ വിമർശിച്ച വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിച്ചുവെന്നും ആരോപിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ഫോറിൻ പോളിസി റൈറ്റർ ലിൻ ഒ ഡോണലിനെയാണ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്.

ഓസ്‌ട്രേലിയൻ വനിതയെ 3 ദിവസത്തോളം തടവിൽ പാർപ്പിച്ചു. തൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയാനും, നിർവ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഭീഷണി ഭയന്ന് ലിൻ ക്ഷമാപണവും നടത്തി. “താലിബാൻ അധികാരികൾ കൗമാരക്കാരായ പെൺകുട്ടികളെ ബലമായി വിവാഹം കഴിക്കുകയും, പെൺകുട്ടികളെ കമാൻഡർമാർ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് എഴുതിയ റിപ്പോർട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു” – ലിൻ ഒ ഡോണൽ ട്വീറ്റ് ചെയ്തു.

വിഷയം ചർച്ചയായതിന് പിന്നാലെയാണ് താലിബാൻ ഭീഷി ഒ ഡോണൽ വെളിപ്പെടുത്തിയത്. ‘മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിൽ ഇടുമെന്ന് പറഞ്ഞു. താൻ സ്വന്തം ഇഷ്ടത്തോടെയാണ് റിപ്പോർട്ട് പിൻവലിക്കുന്നതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞ് എന്റെ വീഡിയോ ഉണ്ടാക്കി. ക്ഷമാപണ ട്വീറ്റ് നിരവധി തവ അവർ മാറ്റം വരുത്തി. എൽജിബിടിക്യു വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനെ താലിബാൻ തള്ളി, രാജ്യത്ത് സ്വവർഗ്ഗാനുരാഗികൾ ഇല്ലെന്നും അവർ അവകാശപ്പെട്ടു’ ഒ ഡോണൽ കൂട്ടിച്ചേർത്തു.

അതേസമയം ഭീഷണി ഭയന്ന് ലിൻ രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോയതായി റിപ്പോർട്ട് ഉണ്ട്. 20 വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഒരു യുദ്ധ പത്രപ്രവർത്തകയാണ് ലിൻ.