ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് (പിഎസ്എംസി) പാക്കിസ്ഥാനിലെ കാർ, ബൈക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ 22 മുതൽ ജൂലൈ 8 വരെയാണ് അടച്ചിടുന്നത്. പുതുതായി ഏർപ്പെടുത്തിയ ഇറക്കുതി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണു ഇങ്ങനെയൊരു നടപടി. സ്‌പെയറുകളുടെയും ആക്‌സസറികളുടെയും കുറവ് മൂലമാണ് തീരുമാനമെന്ന് പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ പ്രസ്‍താവനയിൽ കമ്പനി അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
75 ദിവസത്തേക്ക് അടച്ചിട്ടിരുന്ന ഫോർ വീലർ യൂണിറ്റ് സുസുക്കി ഈയടുത്ത് പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്ലാന്റ് വീണ്ടും അടച്ചുപൂട്ടുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ പാകിസ്ഥാൻ സെൻട്രൽ ബാങ്ക് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. ഇതാണ് മാരുതി സുസുകി ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് കാരണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്‌ബിപി) 2022 മെയ് മാസത്തിൽ കമ്പനികളോട് സിബിയു കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി വാങ്ങാൻ ഉത്തരവിട്ടിരുന്നു. ഈ നയം ഷിപ്പ്‌മെന്റുകളുടെ ക്ലിയറൻസിനെ പ്രതികൂലമായി ബാധിച്ചു. ഇത് ഇൻവെന്ററി നിലവാരത്തെയും ബാധിച്ചു. കൂടാതെ, ഏകദേശം ഒരു വർഷമായി സുസുക്കി മോട്ടോർ അസംസ്കൃത വസ്തുക്കളുടെ നിരന്തരമായ ക്ഷാമം നേരിടുകയാണ്.