World

ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രിയുടെ ഓഫിസ് അടച്ചു; പവര്‍കട്ട് 13 മണിക്കൂറാക്കി

ശ്രീലങ്കയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ മന്ത്രിമാരുടെ ഓഫിസുകളും താത്ക്കാലികമായി അടയ്ക്കും. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ശ്രീലങ്കയില്‍ പവര്‍കട്ട് 13 മണിക്കൂറാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 10 മണിക്കൂറായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ആശുപത്രികള്‍ പതിവ് ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ സംവിധാനങ്ങളുള്ള നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് ശ്രീലങ്കയും ഉള്‍പ്പെടുന്നു.

1.3 മില്യണോളം പേരാണ് രാജ്യത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ ഈ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതോടെ വൈദ്യുതിയും ഇന്ധനവും ലാഭിക്കാനാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജലവൈദ്യുതി ഉപയോഗിച്ചാണ് ശ്രീലങ്കയിലെ 40 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ രാജ്യത്തെ മിക്ക ജലസംഭരണികളിലും വെള്ളത്തിന്റെ അളവില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്.

അതേസമയം പ്രസിഡന്റ് രാജപക്‌സയുടെ വസതിക്കരികെ ഇന്നലെ രാത്രി പ്രതിഷേധം നടത്തിയ 45 പേര്‍ അറസ്റ്റിലായി. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കൊളംബോയിലെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കര്‍ഫ്യൂ നീക്കിയെന്ന് ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.