World

മുഖംമൂടി ധരിച്ച് തോക്കുമായി സൈനികർ, തടഞ്ഞ് പൊലീസ്; നടുറോഡിൽ തർക്കം

സർക്കാരിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ശ്രീലങ്കയില്‍ പരസ്പരം കൊമ്പുകോർത്ത് സൈന്യവും പൊലീസും. തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടഞ്ഞു. നടപടി ചോദ്യം ചെയ്ത് സൈനികരും രംഗത്തിറങ്ങിയതോടെ രംഗം വഷളായി.

പാർലമെന്റിന് സമീപം സ്ത്രീകളും കുട്ടികളും പ്രായമായവരും പ്രതിഷേധം നടത്തുകയായിരുന്നു. മാർച്ചിനിടയിലേക്ക് മുഖംമൂടിധാരികളായ ഒരു കൂട്ടം സൈനികർ അടയാളപ്പെടുത്താത്ത ബൈക്കുകളിൽ എത്തി. റൈഫിളുകൾ ഉൾപ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. പിന്നാലെ കൂടുത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.

സംഭവത്തിൽ കരസേനാ മേധാവി ശവേന്ദ്ര സിൽവ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അതേസമയം രാജ്യത്തെ പ്രതിസന്ധി അനുദിനം വർധിച്ചു വരികയാണ്. ചുമതലയേറ്റ് ഒരു ദിവസം പൂർത്തിയാകും മുൻപ് ധനമന്ത്രി അലി സാബ്രി രാജിവച്ചതിനു പിന്നാലെ ധനകാര്യ സെക്രട്ടറിയും രാജിവച്ചിരുന്നു.

അതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥ ഇന്നലെ പിൻവലിച്ചിരുന്നു. അന്താരാഷ്ട്ര വിമർശനം നേരിടുന്ന ശ്രീലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ പറഞ്ഞു. 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി 2020ൽ അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളു.