Health World

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി. ഫൈസർ കമ്പനിക്കാണ് സൗദിയിൽ ഇപ്പോൾ അനുമതി ലഭിച്ചത്. വിദേശികളുൾപ്പെടെ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭിക്കും. വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫൈസർ ബയോടെക് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുവാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയത്. ഇതോടെ വാക്‌സിൻ സൗദിയിൽ ഇറക്കുമതി ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും, പരീക്ഷണ ഘട്ടങ്ങളിലെ ഫലങ്ങളും, വാക്‌സിന്റെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ചും വിശദമായ പഠനം നടത്തിയ ശേഷമാണ് അംഗീകാരം നൽകാനും, ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുവാനും തീരുമാനിച്ചത്. വാക്‌സിൻ രാജ്യത്ത് എത്തുന്ന തിയതിയും, വിതരണം സംബന്ധിച്ച വിവരങ്ങളും ആരോഗ്യ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും.

നിലവില്‍ പതിനാറ് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ വാക്‌സിൻ നൽകൂ എന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.അബ്ദുല്ല അസീരി പറഞ്ഞു. വിദേശികളുൾപ്പെടെ സൗദിയിൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.