യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് 400 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. യുക്രൈന് സാമ്പത്തിക സഹായം നൽകുമെന്ന് 2022 ഒക്ടോബറിൽ യുക്രൈൻ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാഗ്ദാനം ചെയ്തിരുന്നു. സൗദി അറേബ്യയുടെ ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമക്കും കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. യുക്രൈന് 100 മില്യൺ ഡോളറിന്റെ മാനുഷിക സഹായം നൽകുന്നതിനുള്ള സംയുക്ത സഹകരണവും കരാറിൽ ഉൾപ്പെടുന്നുണ്ട്.
റോയൽ കോർട്ടിന്റെ ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലുമായ അബ്ദുള്ള അൽ റബീയയും യുക്രൈൻ ഉപപ്രധാനമന്ത്രി ഒലെക്‌സാണ്ടർ കുബ്രാക്കോവും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ അഭിമുഖീകരിന്ന യുക്രൈന് സൗദി നൽകുന്ന പിന്തുണയാണ് ഈ കരാറെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.
ഞായറാഴ്ച കീവിലെത്തിയ ഫൈസൽ രാജകുമാരനെ യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി സ്വീകരിച്ചിരുന്നു. രാജ്യത്തെ സംഘർഷത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി യുക്രൈനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞു. യുക്രൈനുമായി നിക്ഷേപ സഹകരണം തുടരുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.