റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നു. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. (russian ukraine meeting continues)
ചർച്ചകൾക്കായി യുക്രൈൻ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തിൽ സെലൻസ്കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്നികോവാണ് നയിച്ചത്.
ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത്. വായ്സോ, ഇസ്താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം നടത്തുമ്പോൾ ചർച്ച സാധ്യമല്ലെന്നും സെലൻസ്കി പ്രതികരിച്ചിരുന്നു.