World

റഷ്യയുടെ 75% സേനയും യുക്രൈയ്നിനുള്ളിൽ; ആക്രമണം കടുപ്പിക്കുന്നു

അധിനിവേശത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സൈനിക ശക്തി വർധിപ്പിച്ച് റഷ്യ. യുക്രൈയ്നിനുള്ളിൽ 75 ശതമാനം റഷ്യൻ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ വലിയ സംഘം ബെലാറസിൽ നിന്ന് തെക്കോട്ട് മുന്നേറുകയും, കീവിലേക്ക് ആക്രമണം കടുപ്പിക്കാനുള്ള സാഹചര്യം സജ്ജമാക്കാൻ തുടങ്ങിയതായും റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കരയുദ്ധത്തിലും സൈനിക ശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഡോ ജാക്ക് വാട്ട്ലിംഗ് പറയുന്നു.

അതേസമയം യുക്രൈനിലെ ഖാര്‍ക്കീവ് നഗരത്തില്‍ റഷ്യയുടെ മിസൈലാക്രമണം തുടരുകയാണ്. ഫ്രീഡം സ്‌ക്വയറില്‍ സര്‍ക്കാരിന്റെ ബഹുനില കെട്ടിടം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഖാര്‍ക്കീവിലെ താമസക്കാര്‍ അടുത്തുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം. യുക്രൈനിലെ ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി.നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ സ്ഥിതി അതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രൈനില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി ചൈന തുടങ്ങിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. കരിങ്കടല്‍ തുറമുഖ നഗരമായി ഒഡേസയില്‍ നിന്ന് 400 വിദ്യാര്‍ത്ഥികളും യുക്രൈന്റെ തലസ്ഥാനമായ കീവിലുള്ള 200 വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച രാജ്യംവിട്ടതായി ചൈനീസ് എംബസിയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 പൗരന്മാരെ ഇന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കാമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതിനുള്ള ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ ചൈന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുക്രൈനെതിരേ റഷ്യ യുദ്ധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ അടിയന്തര ഇടപെടല്‍.