International World

ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വെടിവെച്ചു കൊന്നു

ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ കെനിയയിലെ പ്രത്യേക സംരക്ഷണ മേഖലയില്‍ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളില്‍ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാര്‍ വെടിവെച്ചു കൊന്നത്. വെള്ള ജിറാഫുകളില്‍ ഇനി ലോകത്ത് ആകെ അവശേഷിക്കുന്നത് ഒരൊറ്റയെണ്ണമാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 2017ല്‍ വെള്ള ജിറാഫുകളുടെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെയാണ് ലോക പ്രശസ്തമാകുന്നത്.

2016 ല്‍ താന്‍സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂക്കിസം എന്ന ശാരീരിക അവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തതാക്കുന്നത്. ലൂക്കിസം സ്വഭാവമുള്ള മൃഗങ്ങള്‍ക്ക് കറുത്ത കണ്ണുകളായിരിക്കുമുണ്ടാവുക. തുറന്ന വേലികളില്ലാത്ത ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പരിധിയില്‍ സംരക്ഷിക്കുന്നതിനാല്‍ തന്നെ വേട്ടക്കാരില്‍ നിന്നും രക്ഷിക്കുക ശ്രമകരമാണ്. ആരാണ് കൊലപാതകം നടത്തിയത് എന്നത് വ്യക്തമായിട്ടില്ലായെന്ന് കെനിയ വൈല്‍ഡ് ലൈഫ് സൊസൈറ്റി അറിയിച്ചു. സംഭവത്തില്‍ കെനിയ വൈല്‍ഡ് ലൈഫ് സൊസൈറ്റി അന്വേഷണം നടത്തുന്നുണ്ട്.