World

ഖത്തറില്‍ കടബാധ്യത തീര്‍ത്തവര്‍ക്കുമാത്രം ഇനി പുതിയ ചെക്ക് ബുക്കെന്ന് സെന്‍ട്രല്‍ ബാങ്ക്

ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് നേരത്തെയുള്ള കടബാധ്യതകളും വീഴ്ചകളും തീര്‍ത്തതിന് ശേഷം മാത്രമേ അപേക്ഷകന് പുതിയ ചെക്ക് ബുക്ക് അനുവദിക്കുകയുള്ളൂ.

ചെക്കുകള്‍ മടങ്ങുന്ന സാഹചര്യം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ചെക്കിടപാടുകളില്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. ഇതനുസരിച്ച് ഉപഭോക്താവിന്‍റെ പഴയ ഇടപാടുകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബാങ്കുകള്‍ പുതിയ ചെക്ക് ബുക്ക് അനുവദിക്കാവൂ. ഇടപാടുകളില്‍ നേരത്തെ വീഴ്ച വരുത്തിയവരാണെങ്കില്‍ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയില്ല.ഈ നിബന്ധനകളനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ ക്രെഡിറ്റ് ബ്യൂറോ സംവിധാനം പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ മുഴുവന്‍ ബാങ്കുകളെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഈ സംവിധാനം വഴി അപേക്ഷകന്‍റെ പഴയ ഇടപാടുകളും നേരത്തെ മടങ്ങിയ ചെക്കുകളുടെ വിവരങ്ങളും അധികൃതര്‍ക്ക് അറിയാന്‍ കഴിയും. നേരത്തെ ചെക്ക് മടങ്ങിയിട്ടുള്ളവരുടെ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ആ ബാധ്യത തീര്‍ത്തതിന് ശേഷം പുതിയ ചെക്ക് ബുക്ക് അനുവദിക്കും. ഇതിനായി രാജ്യത്തെ ഓരോ ബാങ്കുകളും ബൌണ്‍സ്ഡ് ചെക്ക് ഇഷ്യൂ ചെയ്തവരുടെ രേഖകള്‍ രണ്ട് ദിവസത്തിനകം ക്രെഡിറ്റ് ബ്യൂറോയെ അറിയിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.