ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാകിസ്താന്, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കും.
കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ പുനരാരംഭിക്കുന്നത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്ജീകരിച്ച വിസാ സെന്ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ കാഠ്മണ്ഡു വിസാ സെന്റര്‍ ഡിസംബര്‍ 10 നും പാകിസ്താനിലെ ഇസ്ലാമാബാദ് വിസാ സെന്റര്‍ ഡിസംബര്‍ 14 നും ഫിലിപ്പൈന്‍സിലെ മനില വിസാ സെന്റര്‍ ഡിസംബര്‍ 15 നും പ്രവര്‍ത്തനം പുനരാരംഭിക്കും.
ഇക്കഴിഞ്ഞ ഡിസംബര്‍ 3ന് ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പുതിയ തൊഴില്‍ വിസയുടെ ഭാഗമായി തൊഴിലാളി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍, ഫിംഗര്‍ പ്രിന്റ്, തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കല്‍ തുടങ്ങിയവയെല്ലാം ഇത്തരം സെന്ററുകള്‍ വഴിയാണ് പൂര്‍ത്തീകരിക്കേണ്ടത്. ഖത്തര്‍ വിസ സെന്ററുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് ഇതിനായി അപ്പോയിന്മെന്റ് എടുക്കേണ്ടത്. അതേസമയം വിസ ലഭിച്ചാലും ഇപ്പോഴത്തെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ഖത്തറിലേക്ക് യാത്ര സാധ്യമാകൂ. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്ൾ ധാരണപ്രകാരമുള്ള വിമാന സർവീസുകളാണ് നിലവിലുള്ളത്.