വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബന്ധങ്ങൾ സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്.
പരിശുദ്ധിയെ സ്നേഹിക്കാൻ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു. ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങൾ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ അവകാശപ്പെട്ടു.
കുട്ടികളുണ്ടാകാൻ സാധ്യതയുള്ള മാതാപിതാക്കളോട് ‘ഭയപ്പെടേണ്ടതില്ല’ എന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു.ഒരു കുട്ടി ഉണ്ടാകുന്നത് വലിയ അപകടമായി തോന്നിയേക്കാം, അതിലും അപകടമാണ് കുട്ടികൾ ഉണ്ടാകാതിരിക്കുന്ന അവസ്ഥഎന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായി പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്. അതേസമയം സമ്മിശ്ര പ്രതികരണമാണ് മാർപാപ്പയുടെ വാക്കുകൾക്ക് ലഭിക്കുന്നത്.