World

ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടി

ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം. വൈപ്പിന്‍ സ്വദേശി സാം സോമന്റ ബന്ധുക്കള്‍ക്കാണ് ഷിപ്പിങ് കമ്പനിയില്‍ നിന്ന് വിവരം ലഭിച്ചത്. ഭര്‍ത്താവ് സുരക്ഷിതനാണോ എന്ന് പോലും വ്യക്തതയില്ലെന്ന് സാമിന്റ ഭാര്യ സൂസന്‍ ട്വന്റിഫോനോട് പറഞ്ഞു. ഇതോടെ മൂന്ന് മലയാളികള്‍ ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസമാണ് സാം ജോലി ചെയ്യുന്ന ഷിപ്പിങ്ങ് കമ്പനിയില്‍ നിന്ന് ഭര്‍ത്താവ് ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലാണെന്ന് ഭാര്യ സൂസന് വിവരം ലഭിക്കുന്നത്. പിടിയിലാകുന്നതിന്റെ അന്ന് രാവിലെ പോലും സാം വിളിച്ചിരുന്നുവെന്ന് സൂസന്‍ പറഞ്ഞു. എല്ലാ ദിവസവും ഷിപ്പിങ്ങ് കമ്പനിയില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും പക്ഷെ കപ്പലിലുള്ളവര്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അവര്‍ക്ക് വ്യക്തമായ ഉത്തരമില്ലെന്നും കുടുംബം പറയുന്നു.

കപ്പലില്‍ എഞ്ചിനീയറിയാണ് സാം സംസണ്‍ ജോലി ചെയ്യുന്നത്. ഫെബ്രുവരിയിലാണ് അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. നേരത്തെ പറവൂര്‍ സ്വദേശിയായ എഡ്വിന്‍, കടവന്ത്ര സ്വദേശിയായ ജിസ് മോന്‍ എന്നിവരും 27 അംഗ സംഘത്തിലുണ്ടെന്ന് വിവരം പുറത്തു വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.