ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പി.സി.ആര് പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കി. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കര അതിർത്തി വഴി ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല. ഇങ്ങനെ വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി സുപ്രിം കമ്മറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ പകുതി മുതൽ ഒമാനിലെ രോഗബാധ കുറഞ്ഞു വരികയാണെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുന്നതിനാലാണ് രോഗവ്യാപനവും മരണവും കുറഞ്ഞുവരുന്നത്. കോവിഡ് വാക്സിൻ ഈ വർഷം അവസാനം തന്നെ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മസ്ജിദുകളിലെ പ്രവേശനത്തിന് പ്രായപരിധി ഏർപ്പെടുത്തിയിരുന്ന നിബന്ധന ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.