World

ന്യൂജേഴ്‌സിയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തു

യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. നിയമനത്തിന് പിന്നാലെ മുത്തശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനിൽ കൈവച്ച് നാദിയ കഹ്ഫ് സത്യപ്രതിജ്ഞ ചെയ്തു. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം, മാർച്ച് 21 ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.(Nadia kahf becomes first headscarf wearing judge in new jersey)

വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണിയുമായ നാദിയ കഹ്ഫ്, യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്. ഒരു വർഷം മുമ്പ് വന്ന കഹ്ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യമാണ് അവര്‍ക്ക് നിയമനം നടന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുകയാണ്. യുവതലമുറ ഭയപ്പെടാതെ അവരുടെ മതം ആചരിക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാദിയ പറഞ്ഞു.

രണ്ട് വയസുള്ളപ്പോഴാണ് സിറിയൻ കുടിയേറ്റക്കാരിയായി നാദിയ അമേരിക്കയിലെത്തുന്നത്. ദീര്‍ഘകാലം രാജ്യത്തെ ഇസ്ലാമിക ഫൗണ്ടേഷനിൽ ജോലി ചെയ്തു. ഫ്‌ടൺ ആസ്ഥാനമായ ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന ഏജൻസിയായ വഫ ഹൗസിന്റെ നിയമോപദേശക കൂടിയാണ് അവരിപ്പോൾ.