രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നാവശ്യപ്പെട്ടുള്ള എയിംസിലെ നഴ്സുമാരുടെ സമരം മൂന്നാം ദിനവും തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോ൪ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്. നിലവിൽ കേസുകളുടെ എണ്ണം 207615 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേ൪ രോഗം ബാധിച്ചു മരിച്ചു. ഇതുവരെ 5815 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 100302 പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിൽ രാജമ്മ മധുസൂധൻ എന്ന മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സായിരുന്നു. എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. ഇവരുടെ മകൾക്കും കോവിഡ് ലക്ഷണങ്ങളുണ്ട്.
എയിംസ് ആശുപത്രിയിൽ ഡയറക്ടറുടെ റൂമിന് മുന്നിൽ മൂന്നാം ദിവസവും നഴ്സുമാര്‍ പ്രതിഷേധം നടത്തുകയാണ്. രോഗികളുടെ ചികിത്സയെ ബാധിക്കാതെയാണ് എയിംസ് നഴ്സസ് യൂണിയൻറെ നേതൃത്വത്തിലുള്ള പ്രതിഷേധം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം 6ൽ നിന്ന് 4 മണിക്കൂർ ആക്കണം, കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് വരെയും എയിംസ് അധികൃതർ ചർച്ചക്ക് തയ്യാറായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 47 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിൽ രണ്ടും അസമിൽ 48ഉം രാജസ്ഥാനിൽ 102ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.