World

സോമാലിയയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് സ്‌ഫോടനം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

സോമാലിയയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന സ്ഫോടനത്തെ കുറിച്ച് പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദാണ് ട്വീറ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി പേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ശനിയാഴ്ച സൊമാലിയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ അല്‍ ഷബാബ് തീവ്രവാദ ഗ്രൂപ്പാണെന്ന് ഹസന്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ മൊഗാദിഷുവിലെ ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്കെതിരെ സമ്പൂര്‍ണ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന നിലപാടിലാണ് പ്രസിഡന്റ്.

യുദ്ധത്തില്‍ സര്‍ക്കാര്‍ സേനയെ പരാജയപ്പെടുത്തിയിട്ടും തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ തീവ്രവാദികള്‍ അയച്ച സന്ദേശമായിരുന്നുകാര്‍ ബോംബ് സ്‌ഫോടനമെന്ന് ഹസന്‍ ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു.