കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കർമാർ സൈബർ ആക്രമണം നടത്തുന്നത്. സ്ട്രോൺടിയം അഥവാ ഫാൻസി ബിയർ, ഉത്തരകൊറിയയിലെ സിൻക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവർ ഇരു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ബന്ധമുള്ളവരാണ്.
ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരും ആശുപത്രികളേയുമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര കൊറിയയിലേയും റഷ്യയിലെയും ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉൽപന്നങ്ങൾക്ക് ഇതിനെ തടയാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് (കസ്റ്റമർ സെക്യൂരിറ്റി ആൻഡ് ട്രസ്റ്റ്) ടോം ബർട്ട് പറഞ്ഞു. ഇ- മെയിലുകൾ അയച്ച് റിക്രൂട്ടർമാർ എന്ന നിലയിലാണ് ഇവർ സൈബർ ആക്രമം നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേന ഇ-മെയിൽ വഴിയാണ് സെറിയം വാക്സിൻ ഗവേഷകരെ ലക്ഷ്യമിടുന്നത്. ഹാക്കർമാർ ലക്ഷ്യമിട്ട കമ്പനികളെ വിവരങ്ങൾ അറിയിച്ചട്ടുള്ളതായി ടോം ബർട്ട് അറിയിച്ചു.