അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ആശ്വാസം പകരാന്‍ ലോകകപ്പ് ആവേശം മാത്രം മുഴങ്ങുന്ന ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്നേഹ സന്ദേശം. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടൈറ്റ് അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് പെലെയുടെ കുടുംബം പറയുന്നു.
പതിവ് പരിശോധനകള്‍ക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകള്‍ കെലി നാസിമെന്റോ പ്രതികരിച്ചു. സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് ഇപ്പോള്‍ പെലെയുള്ളത്. ട്യൂമര്‍ നീക്കം ചെയ്ത ശേഷം പതിവ് പരിശോധനകള്‍ക്കായി അദ്ദേഹം സ്ഥിരമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്.