ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു.
ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ക്രൗഡ് ടാങ്കിളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബർ 3, 4 തീയതികളിൽ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് കുറഞ്ഞിരുന്നു.
ഫോളോവേഴ്‌സ് കുറയുന്നത് ഒരു ബഗിന്റെയോ സാങ്കേതിക തകരാറിന്റെയോ ഫലമായാണ് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. യുഎസ്‌എ ടുഡേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.