World

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ശ്രമിക്കുന്നു; മലാല

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത് എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു.

അഫാഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ ഇന്നലെ തുറന്നിരുന്നു. പിന്നാലെയാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
പുതിയ ഉത്തരവ് വരുന്നതു വരെ സിക്സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ അറിയിപ്പ്.

അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ സ്ത്രീകൾ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പാടെ നിഷേധിച്ചതിനു പുറമേ സ്ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒട്ടുമിക്ക ജോലികൾ ചെയ്യുന്നതിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് ഇപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.