World

വിരസ പങ്കാളിയെ സ്‌നേഹിപ്പിക്കാനുള്ള മരുന്ന് പണിപ്പുരയില്‍

വശീകരണ മരുന്നുകള്‍ നല്‍കി വിരസ പങ്കാളിയെ സ്‌നേഹിപ്പിക്കുന്നത് ഹാരി പോട്ടറിന്റേതായ മറ്റൊരു പ്രപഞ്ചത്തിലോ മന്ത്രജാലങ്ങളും ദുര്‍മന്ത്രവാദികളുമുള്ള അപസര്‍പ്പക കഥകളിലോ കണ്ടിട്ടുണ്ടാകും. പ്രണയപാനീയങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും വശീകരണ മരുന്നുകളെക്കുറിച്ച് വെറുതേ ഭാവന ചെയ്യാനെങ്കിലും ഇത്തരം നോവലുകള്‍ വായിച്ചവര്‍ക്ക് താല്‍പര്യം തോന്നിയിരിക്കാം. മരുന്ന് കൊടുത്ത് സ്‌നേഹിപ്പിക്കുന്നത് ധാര്‍മികമായി ശരിയോ തെറ്റോ എന്നാലോചിച്ച് തലപുകയ്ക്കാതെ തന്നെ ഇങ്ങനെ ഭാവന ചെയ്യാന്‍ സാധിക്കുന്നത് ഇതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന വിശ്വാസം കൊണ്ടാണ്. പക്ഷേ ശരിക്കും മരുന്ന് കൊടുത്ത് സ്‌നേഹിപ്പിക്കാന്‍ കഴിഞ്ഞാലോ? ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പരിണാമ നരവംശ ശാസ്ത്രജ്ഞയായ ഡോ. അന്ന മിഷന്റെ പഠനങ്ങള്‍.

ചെല്‍ട്ടണ്‍ഹാം ശാസ്ത്രസമ്മേളനത്തിലാണ് തന്റെ ആശയം അന്ന മിഷന്‍ ശാസ്ത്രീയമായി തന്നെ വിശദീകരിച്ചത്. ഡോപ്പമൈന്‍, സെറോടോണിന്‍, ബീറ്റ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ എന്നീ നാല് ഹോര്‍മോണുകളാണ് പ്രണയാനുഭവങ്ങളുണ്ടാക്കുന്നത്. ഈ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകള്‍ നല്‍കിയാല്‍ വിരസപങ്കാളിയേയും വശീകരിക്കാന്‍ സാധിച്ചേക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന മരുന്നുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വശീകരണ മരുന്നുകള്‍ ആയേക്കുമെന്ന് ചുരുക്കം.

വശീകരണ മരുന്നുകളുമായി ബന്ധപ്പെട്ട് ധാര്‍മികമായ പല പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നേക്കാമെങ്കിലും ഉടന്‍ തന്നെ ഈ മരുന്നുകള്‍ വിപണിയിലെത്തുമെന്നാണ് ഡോ. അന്ന മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ വശീകരണ മരുന്നുകള്‍ സാങ്കേതികമായി ഇപ്പോള്‍ തന്നെ ലഭ്യമാണെന്നാണ് Love Drugs: The Chemical Future of Relationshisp എന്ന പഠനം തയാറാക്കിയ ഡോ ബ്രയാന്‍ ഏര്‍പ്പിനെപ്പോലുളളവര്‍ പറയുന്നത്. വിഷാദരോഗമുള്ളവര്‍ക്ക് നല്‍കുന്ന SSRI പോലുള്ള മരുന്നുകള്‍ സ്‌നേഹമുണ്ടാക്കുന്നുവെന്നും ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ വിശ്വാസവും ഊഷ്മളതയും വര്‍ധിപ്പിക്കാന്‍ പങ്കാളികള്‍ക്കിടയില്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

വയാഗ്ര ഉള്‍പ്പെടെയുള്ള ഉത്തേജന മരുന്നുകളും ചില മയക്കുമരുന്നുകളും ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നുവെങ്കില്‍ മരുന്ന് നല്‍കി പ്രണയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും എന്തിന് ചിന്തിക്കാതിരിക്കണമെന്നാണ് ഈ വിദഗ്ധരെല്ലാം ചോദിക്കുന്നത്. എല്‍എസ്ഡിയും എംഡിഎംഎയുമുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പ്രണയാനുഭവങ്ങളെ ഉത്തേജിപ്പിക്കുന്നതായി 2020ല്‍ ഒരു സുപ്രധാനപഠനം കണ്ടെത്തിയിരുന്നു.

വശീകരണ മരുന്നുകളുടെ സാധ്യതകളെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുന്നുണ്ടെങ്കിലും ഈ ഗവേഷകര്‍ മരുന്നുമായി ബന്ധപ്പെട്ട ധാര്‍മിക പ്രശ്‌നങ്ങളെ ഗൗരവമായി കാണുന്നുണ്ട്. പ്രണയാനുഭവങ്ങളെ ഉത്തേജിപ്പിക്കുന്ന മരുന്നുകളെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും ധാര്‍മിക പ്രശ്‌നങ്ങള്‍ പരിശോധിക്കപ്പെടണമെന്നും ഡോ ബ്രയാന്‍ ഏര്‍പ്പ് വ്യക്തമാക്കി.