World

വാഹനാപകടം: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റും പരിശീലകനും മരണപ്പെട്ടു

നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു.

പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയൻ പൊലീസ് പറഞ്ഞു.

കെനിയൻ അത്ലറ്റും പരിശീലകനും അപകടസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും എൽജിയോ മറക്‌വെറ്റ് കൗണ്ടി പൊലീസ് കമാൻഡർ പീറ്റർ മുലിംഗെ. രണ്ട് മണിക്കൂർ ഒരു സെക്കൻറിൽ താഴെ മാരത്തൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്ലറ്റാണ് 24 കാരനായ കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്.

റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം. 2022ലാണ് കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത്. റുവാണ്ടയിൽ നിന്നുള്ള മുൻ പ്രൊഫഷണൽ അത്‌ലറ്റായിരുന്നു 36 കാരനായ ഹക്കിസിമാന, 5,000 മീറ്റർ മുതൽ ഹാഫ് മാരത്തൺ വരെയുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.