World

ജോ ബൈഡൻ ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയിൽ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് നിർണായക ലീഡ്. 264 ഇലക്ടറൽ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറൽ വോട്ടുകളാണ്.

ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്‌സിൽ ബൈഡന് അപ്രതീക്ഷിത ലീഡാണ് ലഭിച്ചിരിക്കുന്നത്. നാല് സ്വിംഗ് സ്റ്റേറ്റ്‌സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങൾ നിർണായകമാണ്.
ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. നെവാഡ നിലനിർത്തിയാൽ ജോ ബൈഡന് വിജയം ഉറപ്പിക്കാമെന്നാണ് വിലയിരുത്തൽ.

അതേസമയം, കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. മിശിഗൺ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീൽ നൽകിയിരിക്കുന്നത്. പെൻസിൽവാനിയയിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു. ജോർജിയയിലും പെൻസിൽവാനിയയിലും വോട്ടെണ്ണൽ ഉടൻ നിർത്തിവയ്ക്കണമെന്നും വിസ്‌കോൺസിനിൽ വീണ്ടും വോട്ടെണ്ണണമെന്നും ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.