മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗുസ്മാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഗുരുതരമായ പത്ത് കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയിരുക്കുന്നത്.
11 ആഴ്ച നീണ്ട് വിചാരണക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്. മെക്സിക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമായ സിനോള കാര്‍ട്ടെലിന്റെ തലവനാണ് എല്‍ ചാപ്പോ ഗുസ്മാന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയത്.
മെക്‌സിക്കോയിലെ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ഗുസ്മാന്‍ 2016 ജനുവരിയില്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഗുസ്മാനെ 2017ലാണ് അമേരിക്കയിലേക്കു നാടുകടത്തിയത്. സിനിമാ കഥകളെ വെല്ലുന്ന ഗാങ്സ്റ്റര്‍ ജീവിതം നയിച്ച വ്യക്തിയാണ് ഇയാള്‍. 14 ബില്യന്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് വിവരം. 2009ല്‍ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിലും 61കാരനായ ഗുസ്മാന്‍ സ്ഥാനം പിടിച്ചിരുന്നു.