ജനനനിരക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി. ജനനനിരക്ക് കുറയുന്നതില്‍ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പിന്റെ മന്ത്രിയായ മസനോബു ഒഗുറയാണ് ‘ഗര്‍ഭിണികളുടെ വേഷത്തില്‍’ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടത്.രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറയുന്നതിനെ കുറിച്ച് പഠിക്കാനും അത് മറികടക്കാനുമുള്ള വകുപ്പിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന വനിതാ മന്ത്രിയെ പ്രധാനമന്ത്രി ഫുമിയോ കിഷിദ തത്‌സ്ഥാനത് നിന്ന് മാറ്റിയിരുന്നു.
ആ സ്ഥാനത്തേക്കായിരുന്നു മസനോബു ഒഗുറയെ നിയമിച്ചത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂത്ത് ഡിവിഷന്‍ സംഘടിപ്പിച്ച ഒരു പ്രോജക്റ്റിലും ഒഗുറ സമാനമായി ‘ഗര്‍ഭ വയര്‍’ പരീക്ഷിച്ചിരുന്നു.ഗര്‍ഭിണികളായ യുവതികള്‍ ഒരു കുട്ടിയെ വയറില്‍ ചുമക്കുമ്പോഴുള്ള ശരീരഭാരം മനസിലാക്കുന്നതിന് വേണ്ടി ഒഗുറയും മറ്റ് രണ്ട് പുരുഷ നിയമനിര്‍മാതാക്കളും അവരുടെ ദിനചര്യകളിലേര്‍പ്പെടുമ്പോള്‍ 7.3 കിലോഗ്രാം (16 പൗണ്ട്) തൂക്കത്തില്‍ ‘പ്രെഗ്നന്‍സി ബെല്ലി’ കൊണ്ടുനടന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ഗര്‍ഭാവസ്ഥയുടെ ഏഴാം മാസത്തിലെ ശരീരഭാരം അനുകരിക്കുന്നതിനാണ് തങ്ങള്‍ ഈ സ്യൂട്ട് ധരിക്കുന്നതെന്ന് ഒഗുറ തന്റെ ബ്ലോഗില്‍ കുറിച്ചു. ബുധനാഴ്ചയായിരുന്നു കിഷിദ കാബിനറ്റില്‍ മാറ്റങ്ങള്‍ വരുത്തിയത്. ബാങ്ക് ഓഫ് ജപ്പാന്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് മസനോബു ഒഗുറ.രാജ്യത്തേക്കുള്ള കുടിയേറ്റത്തിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ കൊവിഡ് സമയത്തെ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ കൂടിയായപ്പോള്‍ ജപ്പാനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വീണ്ടും കുത്തനെ കുറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജപ്പാനില്‍ ജനനനിരക്കില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021ല്‍ രാജ്യത്ത് 8,11,604 കുട്ടികളാണ് ജനിച്ചത്. റെക്കോര്‍ഡ് കുറവാണ് ജനനിരക്കിലുണ്ടായത്.അതേസമയം മരണനിരക്കില്‍ ഏറ്റവും വലിയ വര്‍ധനവും കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. 2021ല്‍ രാജ്യത്ത് 14,40,000 പേരാണ് മരിച്ചത്. അതായത് ജനനനിരക്കിനേക്കാള്‍ കൂടുതലാണ് ജപ്പാനിലെ മരണനിരക്ക്.