World

സ്‌പേസ് സ്റ്റേഷനിലാണ് താമസം, ഭൂമിയില്‍ വരാന്‍ പണമില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; 65 വയസുകാരിക്ക് നഷ്ടമായത് 22 ലക്ഷം

ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി ഫോട്ടോകള്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സ്ത്രീ ഇയാളുടെ കഥ വിശ്വസിച്ചത്.

നാല് മാസത്തോളം പരസ്പരം ചാറ്റുചെയ്തതോടെ സ്ത്രീ യുവാവുമായി പ്രണയത്തിലായി. താനും പ്രണയത്തിലാണെന്ന് സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് തനിക്ക് ഭൂമിയിലേക്ക് മടങ്ങിവരണമെന്നും സ്ത്രീയെ എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നും പറഞ്ഞു. ആഗസ്റ്റ് 19 നും സെപ്റ്റംബര്‍ 5 നും ഇടയില്‍ ലാന്‍ഡിംഗ് പ്ലാന്‍ ചെയ്യാമെന്ന് പറഞ്ഞാണ് യുവാവ് പണം ആവശ്യപ്പെട്ടത്. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.